This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊമ്പ് (ജന്തുക്കളുടെ)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊമ്പ് (ജന്തുക്കളുടെ)

ജന്തുക്കളുടെ കൊമ്പുകള്‍ രൂപഘടനയിലും ധര്‍മത്തിലും വൈവിധ്യമുള്ളവയാണ്. നട്ടെല്ലുള്ളവയ്ക്കും നട്ടെല്ലില്ലാത്തവയ്ക്കും കൊമ്പുകള്‍ ഉണ്ട്. എന്നാല്‍ ഇവയുടെ പരിവര്‍ധന ചരിത്രം പരിശോധിച്ചാല്‍ ഇവ സമജാതഭാഗങ്ങളല്ലെന്നു കാണാന്‍ കഴിയും.

അതിപ്രാചീനകാലത്ത് മൃഗങ്ങളുടെ കൊമ്പുകൊണ്ടുണ്ടാക്കിയ ഉപകരണങ്ങളായിരുന്നു ഉത്സവവേളകളിലും മറ്റും കാഹളമുണ്ടാക്കുന്നതിനുവേണ്ടി മനുഷ്യര്‍ ഉപയോഗിച്ചിരുന്നത്. 'ഹോണ്‍' എന്ന ഇംഗ്ലീഷുപദത്തിന്റെ ഉത്പത്തി ഇതില്‍നിന്നാണെന്നു പറയപ്പെടുന്നു. ദക്ഷിണ പശ്ചിമേഷ്യയിലെ യൂദ സിനഗോഗുകളില്‍ ഇന്നും ഒരു നാദോപകരണമായി മുട്ടനാടിന്റെയോ കോലാടിന്റെയോ കൊമ്പുകളാണ് ഉപയോഗിച്ചുപോരുന്നത്.

അകശേരുകികളിലെ കൊമ്പുകള്‍. അകശേരുകികളിലെ കൊമ്പുകള്‍ അസ്ഥിനിര്‍മിതമല്ല. സാധാരണയായി അവയുടെ ചര്‍മത്തില്‍ നിന്നാണ് ഇവ രൂപം കൊള്ളുന്നത്. നാടവിരയുടെ (Tape worm) തല (scolex) ലഘുഖണ്ഡകങ്ങളോടുകൂടിയ ഒരു ഘടനയായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഒരു കൊമ്പുപോലെ തോന്നിക്കുന്ന ഈ ചഞ്ചുകം (Rostellum) ആതിഥേയജീവിയുടെ ചെറുകുടലില്‍ അള്ളിപ്പിടിച്ച് ജീവിക്കാന്‍ സഹായിക്കുന്നു. അനേകജാതി പരാദവിരകളുടെ ശിപ്യ(ചര്‍മ)ശീര്‍ഷങ്ങള്‍ വിസ്മയമുണര്‍ത്തുന്ന രൂപവൈജാത്യങ്ങള്‍ പ്രകടിപ്പിക്കുന്നു.

കൊഞ്ച്, ഞണ്ട്, പഴുതാര, ഷഡ്പദങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ആര്‍ത്രോപോഡ് വിഭാഗത്തില്‍പ്പെട്ട ജന്തുക്കളുടെ കൊമ്പുകള്‍ രൂപത്തിലും ധര്‍മത്തിലും വിഭിന്നങ്ങളാണ്. കൊഞ്ചുകളുടെ ശിരസ്സിനെയും ഉരസ്സിനെയും ആവരണം ചെയ്തിരിക്കുന്ന പൃഷ്ഠ കവചത്തിന്റെ മുന്നഗ്രം ഒരു കുന്തമുന പോലുള്ള കൊമ്പായി രൂപാന്തരപ്പെട്ടിരിക്കുന്നു. റോസ്ട്രം (Rostrum) എന്ന പേരിലാണ് ഇത് അറിയപ്പെടുക. ശത്രുക്കളില്‍ നിന്ന് രക്ഷനേടാനും പ്രത്യുത്പാദനപരമായ ധര്‍മങ്ങളില്‍ സഹായമേകാനും ഉള്ള ഒരു ശരീരഘടനയാണ് കൊഞ്ചുകളുടെ റോസ്ട്രം. കൊഞ്ചുകളുടെ ഭ്രൂണരൂപാന്തരണത്തിന്റെ അവസാന ദശകളിലാണ് കൊമ്പ് പ്രത്യക്ഷപ്പെടുന്നത്.

ക്രസ്റ്റേഷ്യാ വിഭാഗത്തില്‍പ്പെട്ട ബ്രാങ്കിയോപോഡ, ഓസ്ട്രാക്കോഡ, കോപ്പിപ്പോഡ, സിറിപ്പീഡിയ എന്നീ ഉപവിഭാഗങ്ങളില്‍പ്പെട്ട ആര്‍ത്രോപോഡുകളിലും രൂപവൈജാത്യത്തോടുകൂടിയ കൊമ്പുകളുണ്ട്.

ഷഡ്പദപ്രാണികളില്‍ വച്ച് കൊമ്പന്‍ചെല്ലി, കലമാന്‍ വണ്ടുകള്‍, ഗ്രില്ലോടാര്‍പ്പാ മുതലായ ജന്തുക്കളുടെ കൊമ്പുകള്‍ വ്യത്യസ്ത ശിരോഘടനകളില്‍ നിന്നാണ് രൂപാന്തരപ്പെട്ടിട്ടുള്ളത്. കൊമ്പന്‍ചെല്ലിയുടെ ശിരഃകവചത്തിന്റെ മുന്നഗ്രം കാണ്ടാമൃഗത്തിന്റെ ഒറ്റക്കൊമ്പുപോലെ രൂപാന്തരപ്പെടുമ്പോള്‍ കലമാന്‍ വണ്ടുകളുടെ കൊമ്പുകള്‍ അവയുടെ ഉത്തരഹനുക്കളില്‍ (mandibles) നിന്നാണ് രൂപം കൊള്ളുന്നത്. അതേ സമയം ഗ്രില്ലോടാര്‍പ്പാകളുടെ മുന്‍കാലുകള്‍ മണ്‍തോണ്ടിപോലുള്ള കൊമ്പുകളായും പരിണമിച്ചിരിക്കുന്നു.

ഫ്രിനോസോമ

കശേരുകികളിലെ കൊമ്പുകള്‍. നട്ടെല്ലുള്ള ജന്തുക്കളുടെ കൊമ്പുകള്‍ താരതമ്യേന കൂടുതല്‍ കടുപ്പമുള്ളവയും രൂപവൈവിധ്യത്തോടുകൂടിയവയും ആണ്. തരുണാസ്ഥി മത്സ്യവിഭാഗത്തില്‍പ്പെട്ട കൊമ്പന്‍സ്രാവ് (Pristis), കൊമ്പന്‍തിരണ്ടി (Rhynchobatus) എന്നിവയുടെ മോന്തയും പല്ലുകളും ഒന്നുചേര്‍ന്ന് കൊമ്പുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഈ കൊമ്പുകളുടെ സഹായത്താലാണ് ഇവ ഇര പിടിക്കുന്നത്. കടലിന്റെ അടിത്തട്ടില്‍ പുതഞ്ഞുകിടക്കുന്ന കക്കകള്‍, മറ്റു ജീവികള്‍ എന്നിവയെ ഇളക്കി മറിച്ച് ഭക്ഷിക്കുവാന്‍ കൊമ്പുകള്‍ സഹായിക്കുന്നു. അതുപോലെതന്നെ ശത്രുക്കളെ നേരിടാനും കൊമ്പ് ഇവയെ സഹായിക്കുന്നു.

ഉഭയജന്തുക്കളിലും കൊമ്പുകളുള്ള ചില ജന്തുക്കളെ കാണാവുന്നതാണ്. സെറാറ്റോഫ്രിസ് (Ceratophrys) എന്ന ഗണത്തില്‍പ്പെട്ട കൊമ്പന്‍തവളകള്‍ പ്രത്യേകം ശ്രദ്ധാര്‍ഹങ്ങളാണ്. ഇത്തരം തവളകളുടെ ഓരോ നേത്രഗോളത്തിനും മുകളിലായി മൂന്നു കോണുകളോടുകൂടിയ അസ്ഥിനിര്‍മിതമായ കൊമ്പുകളുണ്ട്. തെക്കേ അമേരിക്കയില്‍ ഇത്തരത്തിലുള്ള കൊമ്പന്‍ തവളകള്‍ ധാരാളമായി കാണപ്പെടുന്നുണ്ട്. ഉദ്ദേശം 15 സെ.മീ.-ഓളം നീളമുള്ള ഈ തവളയുടെ തലയും വായും വളരെ വലുതാണ്. ഇതിന്റെ അത്രയും തന്നെ വലുപ്പമുള്ള സ്വജാതിയില്‍പ്പെട്ട മറ്റു തവളകളെ ആക്രമിച്ചു ഭക്ഷിക്കാന്‍ ഇതിനു കഴിയും. ഇപ്രകാരം ഇര തേടാന്‍ ഇതിന്റെ കൊമ്പുകള്‍ സഹായകമാണ്.

വേഴാമ്പല്‍

ഉരഗവിഭാഗത്തിലും കൊമ്പുകളുള്ള ജന്തുക്കളുണ്ട്. വടക്കേ അമേരിക്കയിലും മെക്സിക്കോയിലും കാണപ്പെടുന്ന ഇഗ്വാനിഡേ (Iguanidae) കുടുംബത്തില്‍പ്പെട്ട ഫ്രിനോസോമ (Phrynosoma) എന്നറിയപ്പെടുന്ന കൊമ്പന്‍പല്ലിയുടെ ശിരസ്സിലുളള മുള്ളുകള്‍ കൊമ്പുകളെപ്പോലുള്ള ഘടനകളായി രൂപാന്തരപ്പെട്ടിരിക്കുന്നു. അഗാമിഡേ (Agamidae) കുടുംബത്തില്‍പ്പെട്ട മൊളോക് (Moloch) എന്ന ഉരഗജന്തുവിലും ഇതുപോലുള്ള കൊമ്പുകള്‍ ഉണ്ട്.

കൊമ്പുകളെന്നു പറയാവുന്ന ചുണ്ടുകളോടുകൂടിയ പക്ഷികളുണ്ട്. വേഴാമ്പല്‍ അഥവാ മലമുഴക്കി (Horn bill) എന്ന പക്ഷിയുടെ ചുണ്ടിന്റെ മുകള്‍ഭാഗം കൊമ്പുപോലെ രൂപാന്തരപ്പെട്ടതാണ്. ഇതിന്റെ ചുണ്ട് വലുതും ബലിഷ്ഠവും അഗ്രഭാഗം വളഞ്ഞതുമാണ്. ചുണ്ടിന്റെ മുകള്‍ഭാഗം ഒരു തൊപ്പിപോലെ രൂപാന്തരപ്പെട്ടിരിക്കുന്നു. ഇത് അസ്ഥികോശങ്ങളോടുകൂടിയ ശൃംഗകലയാല്‍ നിര്‍മിതവും ആണ്. വേഴാമ്പലുകളുടെ വിചിത്രമായ ഈ കൊമ്പുകള്‍ വര്‍ഷന്തോറും പുതിയ പാളികളോടുകൂടി വളര്‍ന്നു വലുതാകുന്നു. ഇന്ത്യയില്‍ വിവിധ ജാതികളില്‍പ്പെട്ട വേഴാമ്പലുകളുണ്ട്. ബൂസിറോസ് ബൈകോര്‍ണിസ് (Buceros bicornis), ടോക്കസ് ബൈറോസ്ട്രിസ് (Tochus birostris), ആന്‍ത്രോകോസിറോസ് കോറോനാട്ടസ് (Anthracoceros coronatus), ഡൈക്കോസിറോസ് (Dichoceros) എന്നിവയാണ് ഇന്ത്യയിലും ദക്ഷിണ പൂര്‍വേഷ്യയിലും കാണപ്പെടുന്ന പ്രധാനപ്പെട്ട വേഴാമ്പലിനങ്ങള്‍. ഇവയുടെ ചുണ്ടുകള്‍ക്കും കൊമ്പുപോലുള്ള തൊപ്പികള്‍ക്കും വ്യത്യസ്ത നിറങ്ങളാണുള്ളത്. കറുപ്പ്, മഞ്ഞ, വെള്ള എന്നീ നിറങ്ങളോടുകൂടിയവയാണ് അവയുടെ ചുണ്ടുകളും കൊമ്പുകളും. ആനക്കൊമ്പുപോലെ ദൃഢതയുള്ള വേഴാമ്പലുകളുടെ കൊമ്പുകള്‍, ബോര്‍ണിയോയിലെ ദേശവാസികള്‍ പലതരത്തിലുള്ള ആഭരണങ്ങളുണ്ടാക്കാന്‍ ഉപയോഗിച്ചുപോരുന്നു.

വിവധയിനം മാനുകളുടെ കൊമ്പുകള്‍

മാന്‍കൊമ്പ്. മാനുകളുടെ കൊമ്പുകള്‍ രൂപഘടനയില്‍ വളരെയേറെ വൈവിധ്യമുള്ളവയും അസ്ഥിനിര്‍മിതങ്ങളുമാണ്. പാലത്തില്‍ നിന്ന് ഇരുവശങ്ങളിലേക്ക് തള്ളിനില്‍ക്കുന്ന ഇവ പ്രതിരോധത്തിനും കടന്നാക്രമണത്തിനും സഹായിക്കുന്നു. പൂര്‍ണ വളര്‍ച്ച പ്രാപിച്ച മാന്‍കൊമ്പുകള്‍ നഗ്നമായ അസ്ഥികളാണ്. അവ വര്‍ഷന്തോറും കൊഴിഞ്ഞുപോവുകയും തത്സ്ഥാനത്ത് പുതിയവ മുളച്ചുവരുകയും ചെയ്യുന്നു. എന്നാല്‍ അസ്ഥിനിര്‍മിതമല്ലാത്ത കൊമ്പുകള്‍ക്കാകട്ടെ കൊഴിഞ്ഞുപോകാത്ത ഒരു ബാഹ്യചര്‍മമാണുള്ളത്.

വംശനാശം സംഭവിച്ചുപോയ ചില ഉരഗജന്തുക്കളുടെ കപാലത്തിലും അസ്ഥിനിര്‍മിതവും കടുപ്പമുള്ള ശല്കങ്ങളാല്‍ ആവൃതവുമായ കൊമ്പുകളുണ്ടായിരുന്നുവത്രെ. ഇതുപോലുള്ള കൊമ്പുകള്‍ വംശനാശം സംഭവിച്ച സസ്തനികളായിരുന്ന ദിനോസെറാട്ടായ്ക്കും (Dinocerata) ബ്രോന്റോതിറോയിഡായ്ക്കും (Brontotheroidea) ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. എന്നാല്‍ അവയുടെ കൊമ്പുകളുടെ ബാഹ്യാവരണത്തെപ്പറ്റി വിവരങ്ങള്‍ ലഭ്യമല്ല. ഇന്നു ജീവിച്ചിരിക്കുന്ന സസ്തിനികളില്‍ വച്ച് ചര്‍മക്കൊമ്പുകളും (horns) അസ്ഥിക്കൊമ്പുകളും (antlers) ഒന്നുപോലെ കാണപ്പെടുന്നത് ആര്‍ഷ്യോഡക്റ്റൈല (Artiodactyla) ഗോത്രത്തില്‍പ്പെട്ട ജന്തുക്കള്‍ക്കു മാത്രമാണ്.

പശു, ചെമ്മരിയാട്, കോലാട്, എരുമ മുതലായവ ഉള്‍പ്പെടുന്ന കന്നുകാലികുടംബത്തില്‍പ്പെട്ട (Bovidae) ജന്തുക്കളിലാണ് ചര്‍മനിര്‍മിതമായ കൊമ്പുകള്‍ (horns) കാണുന്നത്. വടക്കേ അമേരിക്കയില്‍ കണ്ടുവരുന്ന ആന്റിലോകാപ്രിഡേ (Antilocapridae) കുടുംബത്തില്‍പ്പെട്ട ഒരേ ഒരു ജീനസും സ്പീഷീസുമായ (പ്രോങ്ബക്-prongbuck എന്നാണിത് അറിയപ്പെടുന്നത്) ആന്റിലോ കാപ്ര എന്ന ജന്തുവിന്റെ കൊമ്പ് ഇരട്ട ശിഖരങ്ങളോടുകൂടിയതാണ്. ഇതിന്റെ കൊമ്പിന് അസ്ഥിനിര്‍മിതമായ ഒരുള്‍ക്കാമ്പും ചര്‍മനിര്‍മിതമായ ഒരു ബാഹ്യാവരണവും ഉണ്ട്. ഇതിന്റെ ബാഹ്യാവരണം കൊഴിഞ്ഞുപോകുമ്പോള്‍ അസ്ഥിനിര്‍മിതമായ ഉള്‍ക്കാമ്പ് സ്ഥിരമായി നില്ക്കുന്നു.

സെര്‍വിഡേ (Cervidae) കുടുംബത്തില്‍പ്പെട്ട മാനുകള്‍ക്ക് (Deers) സവിശേഷമായ കൊമ്പുകള്‍ ഉണ്ട്. ഇവയുടെ പൊള്ളയല്ലാത്ത ദൃഢമായ കൊമ്പുകള്‍ കാലാകാലങ്ങളില്‍ കൊഴിഞ്ഞുപോകുന്നവയാണ്. മാനുകളുടെ പൂര്‍വാസ്ഥികളില്‍ നിന്ന് രൂപംകൊണ്ടിട്ടുള്ള ഭാഗങ്ങളാണ് കൊമ്പുകളായി രൂപാന്തരപ്പെടുന്നത്. ഈ കൊമ്പുകള്‍ക്ക് വെല്‍വെറ്റുപോലെ മൃദുലമായ ഒരു ചര്‍മാവരണം കൂടിയുണ്ട്. മിക്കപ്പോഴും ആണ്‍മാനുകളില്‍ മാത്രമേ ഇത്തരം കൊമ്പുകള്‍ കാണപ്പെടുന്നുള്ളൂ. എന്നാല്‍ ഉത്തരധ്രുവപ്രദേശങ്ങളില്‍ കണ്ടുവരുന്ന കലമാനിന്റെ ആണിനും പെണ്ണിനും കൊമ്പ് കാണപ്പെടുന്നുണ്ട്.

മാനുകളുടെ കൊമ്പുകള്‍ പ്രത്യക്ഷപ്പെടുന്നത് അവയുടെ പ്രത്യുല്പാദനകാലത്താണ്. തദനന്തരം അവ കൊഴിഞ്ഞുപോയ കുറ്റികളില്‍നിന്ന് അടുത്ത പ്രത്യുത്പാദനകാലമാകുന്നതോടു കൂടി പുതിയ കൊമ്പുകള്‍ പൊട്ടിമുളയ്ക്കുകയും ചെയ്യുന്നു.

പരിണാമപരമായി നോക്കുമ്പോള്‍, മാനുകളും ജിറാഫുകളും ഒരു പൂര്‍വിക ജന്തുസ്പീഷീസില്‍ നിന്ന് പരിണമിച്ചവയാണെന്നു കാണാം. അതായത് ജിറാഫുകള്‍, മാനുകള്‍, കന്നുകാലികള്‍ എന്നിവ പരിണാമശൃംഖലയിലെ അടുത്ത ബന്ധുക്കളാണ്. അക്കാരണത്താല്‍ ഇവയുടെ കൊമ്പുകള്‍ക്ക് സവിശേഷമായ സാദൃശ്യങ്ങളും വ്യത്യാസങ്ങളും കാണപ്പെടുന്നത് സ്വാഭാവികമാണ്.

സെര്‍വിഡേ കുടുംബത്തില്‍പ്പെട്ട മാനുകളില്‍ കൊമ്പില്ലാത്തവയാണ് മോസ്ക്കസ് (Moschus) എന്ന ശാസ്ത്രനാമത്താലറിയപ്പെടുന്ന കസ്തൂരിമാനും (Musk deer), ഹൈഡ്രോപോട്ടെസ് (Hydropotes) എന്നറിയപ്പെടുന്ന ചൈനീസ് 'വാട്ടര്‍ ഡിയറും'.

ട്രാഗെലാഫസ് സ്ക്രിപ്റ്റസ്

ചിറ്റാള്‍ (Chital) അഥവാ പുള്ളിമാന്‍ എന്നറിയപ്പെടുന്ന ആക്സിസ് ആക്സിസ് (Axis axis) എന്ന മാനിന് ശിഖരങ്ങളോടുകൂടിയ വലിയ കൊമ്പുകളാണുള്ളത്. അതുപോലെ സെര്‍വസ് അഥവാ റൂസാ യൂണികോളര്‍ (Cervus = Rusa - unicolor) എന്ന ശാസ്ത്രനാമത്താല്‍ അറിയപ്പെടുന്ന സാംബാര്‍മാനിന്റെ കൊമ്പുകള്‍ വളരെ വലുതായ ശിഖരങ്ങളോടുകൂടിയവയാണ്. ഇന്ത്യയിലെയും ശ്രീലങ്കയിലെയും വനപ്രദേശങ്ങളിലും കുന്നിന്‍മേടുകളിലും കാണപ്പെടുന്ന ഈ മാന്‍ ദക്ഷിണേന്ത്യയിലെ നീലഗിരി, പളനി മുതലായ പര്‍വതപ്രദേശങ്ങളില്‍ സുലഭമാണ്. സെര്‍വു ലസ് മുന്റ്ജാക് (Cervulus muntjac) എന്ന ശാസ്ത്രനാമത്താല്‍ അറിയപ്പെടുന്ന കുരയ്ക്കുന്ന മാനിന് ഇരട്ടശിഖരങ്ങളോടുകൂടിയ കൂര്‍ത്ത കൊമ്പുകളുണ്ട്. മോന്തയുടെ അടിഭാഗം വരെ വ്യാപിച്ചുനില്‍ക്കുന്ന ഇതിന്റെ കൊമ്പുകള്‍ അസ്ഥിനിര്‍മിതമായ വരമ്പുകള്‍ പോലെയാണ് കാണപ്പെടുന്നത്.

മാന്‍കൊമ്പുകളുടെ പരിവര്‍ധനം പുരുഷഹോര്‍മോണുകളുടെ പ്രഭാവത്തിലാണ് ഉണ്ടാകുന്നതെന്ന് പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. വന്ധീകരിക്കപ്പെട്ട ആണ്‍മാനുകളില്‍ കൊമ്പുകളുടെ പരിവര്‍ധനം തുടങ്ങുന്നു. കപാലത്തിന്റെ പൂര്‍വാസ്ഥിയില്‍ നിന്ന് പൊട്ടിമുളയ്ക്കുന്ന അസ്ഥികൂടങ്ങള്‍ക്കു ചുറ്റും വെല്‍വെറ്റുപോലെയുള്ള ചര്‍മാവരണം രൂപംകൊള്ളുന്നു. ശരത്കാലത്തിന്റെ തുടക്കത്തോടുകൂടി കൊമ്പുകളുടെ വളര്‍ച്ചയും അതോടുകൂടി കൊമ്പുകളിലേക്കുള്ള രക്തപര്യയനവും നില്‍ക്കുന്നു. തന്മൂലം അസ്ഥിയും ചര്‍മാവരണവും നിര്‍ജീവമാകുകയും ക്രമേണ അവ കൊഴിഞ്ഞുപോവുകയും ചെയ്യുന്നു.

പ്രത്യുത്പാദനകാലത്ത് പെണ്‍മാനിനെ സ്വായത്തമാക്കുന്നതിനുവേണ്ടി ആണ്‍മാനുകള്‍ ദ്വന്ദ്വയുദ്ധത്തിലേര്‍പ്പെടുന്നു. ലൈംഗികപ്രേരിതമായ ഈ സമരത്തില്‍ ആണ്‍മാനുകള്‍ അവയുടെ കൊമ്പുകളെയാണ് ആയുധമായി ഉപയോഗിക്കുന്നത്. ശീതകാലത്തിന്റെ അവസാനത്തോടുകൂടി മാന്‍കൊമ്പിന്റെ അടിഭാഗത്തുള്ള അസ്ഥി ആന്തരികമായി വീണ്ടും ആഗിരണം ചെയ്യപ്പെടുന്നതായും കൊമ്പ് കൊഴിഞ്ഞുവീഴുന്നതായും കാണാം. പഴയകൊമ്പിന്റെ അടിഭാഗത്ത് അവശേഷിക്കുന്ന അസ്ഥികന്ദത്തില്‍ നിന്ന് പുതിയ കൊമ്പിന്റെ വളര്‍ച്ച വീണ്ടും തുടങ്ങുന്നു. മാനുകളുടെ ജീവിതകാലം മുഴുവനും കൊമ്പുകള്‍ക്ക് വളര്‍ന്നുവലുതാകണമെങ്കില്‍ കാലാനുസൃതമായി അവ കൊഴിയേണ്ടത് ഒരാവശ്യമാണ്.

കെനിയയിലും തംഗനിക്കയിലും കണ്ടുവരുന്ന സാബിള്‍ കലമാനിന്റെ (Sable antelope) കൊമ്പിന് ഏതാണ്ട് ഒന്നേകാല്‍ മീറ്ററിലേറെ നീളമുണ്ട്. തലയുടെ പിന്‍ഭാഗത്തേക്കു ചുരുളന്‍വാള്‍ത്താളുപോലെ വളഞ്ഞുപുളഞ്ഞു സ്ഥിതി ചെയ്യുന്ന ഇതിന്റെ കൊമ്പ് ബലിഷ്ഠവും കാഴ്ചയില്‍ മനോഹരവുമാണ്. മാസംഭോജികളായ ശത്രുക്കളെ നേരിട്ട് വെട്ടിവീഴ്ത്താന്‍ ഈ കൊമ്പ് സഹായകമാണ്.

ഒറിക്സ് (Oryx) വിഭാഗത്തില്‍പ്പെട്ട മാനുകളുടെ കൊമ്പുകള്‍ മൂര്‍ച്ചയേറിയ രണ്ടു വാളുപോലെ ശിരസ്സില്‍ അല്പം പിന്നിലേക്കു വളഞ്ഞു സ്ഥിതി ചെയ്യുന്നു. സിംഹത്തെപ്പോലും പേടിപ്പെടുത്തുന്ന ഇവയുടെ കൊമ്പ് ഏറ്റവും മാരകമായ ഒരു ആയുധമാണ്. കുന്തം പോലുള്ള കൊമ്പുകള്‍ ആണിലും പെണ്ണിലും കാണപ്പെടുന്നു. കലഹരി മരുഭൂമിയിലും പശ്ചിമാഫ്രിക്കയിലും കണ്ടുവരുന്ന ഒറിക്സ് ഗസെല്ല (Oryx gazella) എന്ന മാനിന്റെ കൊമ്പിന് ഏറെ നീളമില്ല. അതുപോലെതന്നെ അറേബ്യന്‍ ഒറിക്സിന്റെ (Oryx leucoryx) കൊമ്പിന് പരമാവധി ഒരു മീറ്ററില്‍ താഴെ മാത്രമാണ് നീളമുള്ളത്.

ഒറിക്സ് അള്‍ഗേസെല്‍ എന്ന ശാസ്ത്രനാമത്താല്‍ അറിയപ്പെടുന്ന സാബര്‍ ഒറിക്സിന്റെ കൊമ്പ് ഒറ്റവായ്ത്തലയുള്ള വളഞ്ഞ ചെറിയ വാള്‍പോലുള്ളതാണ്. നൈജീരിയ മുതല്‍ കിഴക്ക് സുഡാന്‍ വരെയുള്ള പ്രദേശങ്ങളില്‍ സുലഭമായി കാണപ്പെടുന്ന ഈ മൃഗം ഇപ്പോള്‍ വംശനാശത്തിന്റെ ഭീഷണിയെ നേരിടുന്നു. അതുപോലെ തന്നെ ഇതിനോടു ബന്ധമുള്ള മറ്റൊരു മാനാണ് അഡാക്സ് (Addax) എന്നറിയപ്പെടുന്ന അഡാക്സ് നാസോമാക്കുലേറ്റസ് (Addax nasomaculatus). ഇതിന്റെ കൊമ്പുകള്‍ ഒറിക്സിന്റെ ചുരുളന്‍ കൊമ്പുകള്‍ക്കു സദൃശമാണ്.

വിവധ മൃഗങ്ങളുടെ കൊമ്പുകള്‍

ചൗസിന്‍ഗാ (chousingha) എന്നറിയപ്പെടുന്ന ഇന്ത്യയിലെ കലമാനുകള്‍ക്ക് രണ്ടു ജോടി കൊമ്പുകളാണുള്ളത്. ഈ കൊമ്പുകള്‍ ലംബമായി നേരെ നിവര്‍ന്നുനില്‍ക്കുന്നവയാണ്. മുന്‍ ജോടി കൊമ്പിന് അഞ്ച് സെ.മീ. നീളവും പിന്‍ജോടിക്ക് 10 സെ.മീ. നീളവും വരും. ദക്ഷിണേന്ത്യയിലുള്ള ചൌസിന്‍ഗാ കലമാനുകളില്‍ മുന്‍ജോടി കൊമ്പുകള്‍ സാധാരണയായി കാണപ്പെടുന്നില്ല.

ബ്ലൂ‌ബുള്‍ എന്നറിയപ്പെടുന്ന ബോസിലാഫസ് ട്രാഗോകാമെലസ് എന്ന ഇന്ത്യന്‍ മാനിന്റെ (കൃഷ്ണമൃഗം) ആണിനു മാത്രമേ കൊമ്പുള്ളൂ. ആഫ്രിക്കയിലും കെനിയയിലെ ഉയര്‍ന്ന പര്‍വതമേടുകളിലും (3350 മീ. ഉയരത്തിലുള്ള) കണ്ടുവരുന്ന ഏറ്റവും മനോഹരമായ മറ്റൊരു കലമാനാണ് ട്രാഗെലാഫസ് സ്ക്രിപ്റ്റസ് (Tragelaphus scriptus) എന്ന പേരിലറിയപ്പെടുന്നത്. വളഞ്ഞുപുളഞ്ഞ ചുരുളന്‍ കൊമ്പുകളാണിതിനുള്ളത്. ഇവയ്ക്ക് ഏതാണ്ട് 50 സെന്റിമീറ്ററോളം നീളം വരും.

ദക്ഷിണ അബിസീനിയയിലെ പര്‍വതമേടുകളില്‍ കാണപ്പെടുന്ന ട്രാഗെലാഫസ് ബക്സ്ടോണി (Tragelphus buxtoni) എന്ന കലമാനിന്റെ ചുരുളന്‍ കൊമ്പിന് 100 സെന്റിമീറ്ററില്‍ ഏറെ നീളമുണ്ട്. അതുപോലെ തന്നെ സുളുലാണ്ട് വന്യജീവിസംരക്ഷണ കേന്ദ്രത്തില്‍ മാത്രം ഒതുങ്ങിക്കഴിയുന്ന ട്രാഗെലാഫസ് അന്‍ഗാസി (Tragelaphus angasi) എന്ന കലമാനിന്റെ കൊമ്പ് അത്രയേറെ ചുരുണ്ടതല്ലെങ്കിലും നീണ്ടതാണ്.

വിക്ടോറിയ ജലാശയത്തിലെ ചെറുദ്വീപുകളില്‍ കണ്ടുവരുന്ന ലിമ്നോട്രാഗെസ് സ്പെകി (Limnotragus spekie) എന്ന കലമാനിന്റെ കൊമ്പ് ബലിഷ്ഠവും ഏതാണ്ട് 90 സെന്റിമീറ്ററോളം ദൈര്‍ഘ്യമുള്ളതും ആണ്. വളരെ വേഗത്തില്‍ നീന്താന്‍ കഴിയുന്ന ഒരു കലമാനാണിത്. ഉഗാണ്ട, സുഡാന്‍, പശ്ചിമാഫ്രിക്കയിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ ചതുപ്പുനിലങ്ങളിലും ഈ മൃഗത്തെ കണ്ടുവരുന്നു.

കുഡു എന്നറിയപ്പെടുന്ന മനോഹരമായ ഒരു പടുകൂറ്റന്‍ കലമാനാണ് സ്ട്രെപ്സിസിറോസ് സ്ട്രെപിസിസിറോസ് (Strepseiceros strepsciceros) എന്നറിയപ്പെടുന്നയിനം. ഇതിന്റെ കൊമ്പിന് ഉദ്ദേശം 175 സെ.മീ.ഓളം നീളം വരും. ചാഡ് ജലാശയം മുതല്‍ എറിട്രിയാവരെ വ്യാപിച്ചുകിടക്കുന്ന ഭൂപ്രദേശങ്ങളില്‍ കാണപ്പെടുന്ന കലമാനാണിത്.

ജിറാഫ്

ഇന്ത്യന്‍ ബ്ലാക്ബക് (Blackbuck) എന്നറിയപ്പെടുന്ന കലമാനിന്റെ കൊമ്പുകള്‍ നീണ്ടുവളഞ്ഞുപുളഞ്ഞതും നേരെ നിവര്‍ന്നുനില്‍ക്കുന്നതും ആണ്. ഒരു കാലത്ത് ഇന്ത്യയില്‍ അങ്ങോളമിങ്ങോളം കാണപ്പെട്ടിരുന്ന ഈ കലമാന്‍ ഇന്ന് പശ്ചിമപഞ്ചാബിലെയും രാജസ്ഥാനിലെയും മരുഭൂമികളില്‍ മാത്രമേ കാണപ്പെടുന്നുള്ളൂ.

വര്‍ഷന്തോറും ഈ ചര്‍മാവരണം കൊഴിയുന്നു. പഴയ ചര്‍മാവരണം കൊഴിയുന്നതിനു മുമ്പായി കൊമ്പിന്റെ പുതിയ ചര്‍മാവരണം അകത്തു രൂപംകൊള്ളുന്നു. ഇത് മുകളില്‍ നിന്ന് കീഴ്പ്പോട്ടായി വളര്‍ന്നു വ്യാപിക്കുന്നു. ആന്റിലോകാപ്രിഡേ കുടുംബത്തിലെ വംശനാശം സംഭവിച്ചുപോയ നിരവധി മൃഗങ്ങളുടെ കൊമ്പുകള്‍ക്ക് അസ്ഥിക്കാമ്പുകളോടുകൂടിയ അനവധി ശിഖരങ്ങളുണ്ടായിരുന്നു.

ജിറാഫിഡേ കുടുംബത്തില്‍പ്പെട്ടവയുടെ കൊമ്പ്. ജിറാഫ് (Giraffe), ഒക്കാപ്പി (Okapi) എന്നീ രണ്ടു ജീനസുകളാണ് ഈ കുടുംബത്തില്‍പ്പെടുന്ന കുളമ്പു മൃഗങ്ങള്‍. പൂര്‍വകപാലത്തില്‍ നിന്ന് തള്ളിനില്‍ക്കുന്ന അസ്ഥിനിര്‍മിതവും ചര്‍മാവരണത്തോടുകൂടിയതുമായ ഒരു ജോടി കൊമ്പുകളാണ് ഇവയ്ക്കുള്ളത്. ഒക്കാപ്പിയുടെ കൊമ്പുകള്‍ ജിറാഫിന്റേതു പോലെയാണെങ്കിലും അതിന്റെ അഗ്രഭാഗത്ത് ചര്‍മാവരണമില്ല.

ആണ്‍ ജിറാഫിലും പെണ്‍ ജിറാഫിലും ഗോളാകൃതിയിലുള്ള ഉയരം കുറഞ്ഞ ചെറിയ കൊമ്പുകളാണുള്ളത്. ഇവയ്ക്ക് ബാഹ്യമായ ചര്‍മാവരണങ്ങളുണ്ട്. ജിറാഫിന്റെ കൊമ്പ് പാര്‍ശ്വ കപാലാസ്ഥിയെ പൊതിഞ്ഞ് ഒരു മൊട്ടുപോലെയാണ് ആദ്യം പൊട്ടിമുളയ്ക്കുന്നത്. രണ്ടു ജാതി ജിറാഫുകളുണ്ട്. ഏറ്റവും മനോഹരമായ ജിറാഫ്, സൊമാലിയയില്‍ കാണപ്പെടുന്ന ജിറാഫാ റെട്ടിക്കുലേറ്റ (Giraffa reticulata) എന്ന ശാസ്ത്രനാമത്താല്‍ അറിയപ്പെടുന്നതാണ്. വടക്കന്‍ കെനിയയില്‍ മാത്രം കണ്ടുവരുന്ന ഇതിന്റെ ഉയരം 5.8 മീറ്ററില്‍ ഏറെയാണെന്നു കാണാം. കിഴക്കന്‍ ആഫ്രിക്കയിലെ സമതലങ്ങളില്‍ കാണപ്പെടുന്ന ജിറാഫാ കമലോപാര്‍ഡാലിസ് (Giraffa camelopardalis) എന്നതിന് അത്രത്തോളം ഉയരമില്ല.

ആടുകളുടെ കൊമ്പ്. കപ്പാറിനേ (Caparinae) ഉപകുടുംബത്തില്‍പ്പെട്ട അയവിറക്കുന്ന കുളമ്പുമൃഗങ്ങളാണ് ചെമ്മരിയാടുകളും (Sheep) കോലാടുകളും (Goats). ആണാടുകള്‍ക്കും പെണ്ണാടുകള്‍ക്കും കൊമ്പുകളുണ്ട്. എന്നാല്‍ പെണ്ണാടിന്റെ കൊമ്പ് താരതമ്യേന ചെറുതായിരിക്കും; ആണാടിന്റേത് കൂടുതല്‍ വളഞ്ഞതും. മുഖ്യമായി മൂന്നു തരത്തിലുള്ള കൊമ്പുകളാണിവയ്ക്കുള്ളത്. (i) പിന്നിലേക്ക് ചുരുളാകൃതിയില്‍ വളഞ്ഞിരിക്കുന്ന ചെമ്മരിയാടുകളുടെ കൊമ്പുകള്‍; (ii) വരയന്‍ കോലാടുകളെപ്പോലുള്ളവയുടെ പിന്നിലേക്കു വളഞ്ഞിരിക്കുന്ന ഒറ്റവളയന്‍ കൊമ്പുകള്‍; (iii) വളഞ്ഞുംപുളഞ്ഞും പിന്നിലേക്ക് തള്ളിനില്‍ക്കുന്നതുമായ മാര്‍ഖോര്‍ (Markhor) ആടുകളുടേതുപോലുള്ള കൊമ്പുകള്‍.

ആഫ്രിക്കയില്‍ കാണപ്പെടുന്ന ഒരു വന്യമൃഗമാണ് ബാര്‍ബറി ചെമ്മരിയാട്. ഇതിന്റെ കൊമ്പിന്റെ ആകൃതി ഏറക്കുറെ കോലാടിന്റേതു പോലെയാണ്. ഉദ്ദേശം 75 സെന്റിമീറ്ററോളം ദൈര്‍ഘ്യമുള്ള കൊമ്പാണ് ഇതിനുള്ളത്.

റുപ്പികാപ്രിനേ (Rupicaprinae) എന്ന ഉപകുടുംബത്തില്‍പ്പെട്ട കുളമ്പുമൃഗങ്ങളെ 'കോലാടുമാടുകള്‍' എന്നു വിളിക്കുന്നു. യൂറോപ്പില്‍ കണ്ടുവരുന്ന റുപ്പികാപ്രാ റുപ്പികാപ്രാ എന്ന കോലാടിന്റെ കൊമ്പിന് ഉദ്ദേശം 20 സെന്റിമീറ്ററോളം നീളമുണ്ട്. ഹിമാലയന്‍ പര്‍വത പ്രദേശങ്ങളില്‍ കണ്ടുവരുന്ന നിമോര്‍ഹീഡസ് (Nermorhaedus) എന്ന കോലാടിന്റെ കൊമ്പിന് 23 സെന്റിമീറ്ററോളം നീളമുണ്ട്. പൂര്‍വേഷ്യയില്‍ കാണപ്പെടുന്ന കാപ്രികോര്‍ണിസ് (Capricornis) എന്നറിയപ്പെടുന്ന കോലാടിന് രണ്ടു കഠാരകള്‍ പോലെ പിന്നിലേക്ക് വളഞ്ഞിരിക്കുന്ന കൊമ്പുകളാണുള്ളത്.

കോലാട്
ചെമ്മരിയാട്

കസ്തൂരിക്കാള (Musk-ox) എന്നു സാധാരണയായി വിളിക്കപ്പെടുന്ന ഒവിബോസ് മൊസ്ക്കാറ്റസ് (Ovibos moshatus) എന്ന കോലാടിന്റെ കൊമ്പുകള്‍ രൂപഘടനയില്‍ വളരെയേറെ വൈചിത്യ്രമുള്ളതാണ്. ഇതിന്റെ രണ്ടു കൊമ്പുകളും പരസ്പരം സംയോജിച്ചിരിക്കുന്നു. ഇവ കീഴ്പോട്ട് വളഞ്ഞുമിരിക്കുന്നു. ഹിമാലയന്‍ ഐബെക്സ്, (Himalayan ibex), ആസ്റ്റര്‍ മാര്‍ഖോര്‍ (Aster markhoor), സുലേമാന്‍ മാര്‍ഖോര്‍ (Suleman markhor) എന്നീ കോലാടുകളുടെ കൊമ്പുകള്‍ രൂപഭംഗിയിലും വലുപ്പത്തിലും വിസ്മയാവഹമായ വൈവിധ്യമുള്ളവയാണ്. പാറക്കെട്ടുകള്‍ നിറഞ്ഞ പര്‍വതപ്രദേശങ്ങളില്‍ കണ്ടുവരുന്ന ഒറിയാമ്നോസ് അമേരിക്കാനസ് (Oreamnos americanus) എന്ന കോലാടിന്റെ കൊമ്പ് താരതമ്യേന ചെറുതും രൂപഭംഗിയില്‍ മികച്ചതുമാണ്.

ഹെമിട്രാഗസ് ഹൈലോക്രിയസ് (Hemitragus hylocrius) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന നീലഗിരി വരയാടിന്റെ ആണിനും പെണ്ണിനും വിലങ്ങനെ ചുളിവുകളോടുകൂടിയ കൊമ്പുകളാണുള്ളത്. 1220 മുതല്‍ 1830 വരെ മീ.ഉയരമുള്ള നീലഗിരി, അണ്ണാമല മുതലായ ദക്ഷിണേന്ത്യന്‍ പശ്ചിമ പര്‍വതനിരകളില്‍ സുലഭമായി കാണപ്പെട്ടിരുന്ന ഈ മൃഗം ഇന്നു കടുത്ത വംശനാശഭീഷണിയെ നേരിടുകയാണ്.

ഹിമാലയന്‍ ഐബെക്സ് എന്നു സാധാരണയായി വിളിക്കപ്പെടുന്ന കാപ്രാ സെബരിക്ക (Capra siberica) എന്ന ചെമ്മരിയാടിന്റെ കൊമ്പ് രൂപഘടനയിലും വര്‍ണഭംഗിയിലും മികച്ചുനില്‍ക്കുന്നു. വില്‍വളവുകള്‍ പോലെ പിന്നിലേക്ക് വളഞ്ഞിരിക്കുന്ന ഇതിന്റെ കൊമ്പുകളില്‍ നെടുകെ ചുളിവുകളും നിരവധി വരമ്പുകളുമുണ്ട്. പെണ്‍ ഐബെക്സിന്റെ കൊമ്പ് താരതമ്യേന ചെറുതാണുതാനും. കാപ്രാ ഫാള്‍ക്കോനെറി (Capra falconeri) ജാതിയില്‍പ്പെട്ട രണ്ട് ഇനം ചെമ്മരിയാടുകളാണ് ആസ്റ്റര്‍ മാര്‍ഖോറും സുലേമാന്‍ മാര്‍ഖോറും. മധ്യ-ഏഷ്യയില്‍ കാണപ്പെടുന്ന ഇവയുടെ കൊമ്പുകള്‍ക്ക് വിചിത്രവും വിസ്മയാവഹവുമായ രൂപഘടനയാണുള്ളത്. സുലേമാന്‍ മാര്‍ഖോറുടെ കൊമ്പുകള്‍ കൊമ്പന്‍ പിരിയാണിപോലെ നിരവധി പിരികളോടുകൂടിയതാണ്. ആസ്റ്റര്‍ മാര്‍ഖോറിന്റെ കൊമ്പുകള്‍ പിരിഞ്ഞതാണെങ്കിലും ഇവയുടെ പിന്‍ഭാഗം വളഞ്ഞിരിക്കുന്നു.

കന്നുകാലികളുടെ കൊമ്പുകള്‍. ബോവിഡേ കുടുംബത്തില്‍പ്പെട്ട കാള, പശു, പോത്ത്, എരുമ എന്നിവയുടെ കൊമ്പുകള്‍ക്ക് താരതമ്യേന രൂപഭംഗി കുറവാണ്. ഇവയുടെ കൊമ്പുകള്‍ സാധാരണ ഗതിയില്‍ കൊഴിയാറില്ല. ആണിനും പെണ്ണിനും കൊമ്പുകളുണ്ട്.

ഇന്ത്യന്‍ ബൈസന്‍ എന്നു തെറ്റായി വിളിക്കപ്പെടുന്ന ബോസ് ഗ്വാറസിന്റെ (Bos gaurus) കൊമ്പുകള്‍ താരതമ്യേന നീളം കുറഞ്ഞവയും ഇരുവശത്തേക്ക് തളളിനില്‍ക്കുന്നവയും ആണ്. ഇതിന്റെ കുറുകെ ഛേദിച്ച കൊമ്പിന് വൃത്താകൃതിയോ അല്ലെങ്കില്‍ അണ്ഡാകൃതിയോ ഉളളതായി കാണപ്പെടുന്നു. കന്യാകുമാരി മുതല്‍ ഹിമാലയം വരെയുള്ള ഇന്ത്യയിലെ എല്ലാ വനങ്ങളിലും ഇവ കാണപ്പെടുന്നു. മലയന്‍ വനങ്ങളില്‍ കണ്ടുവരുന്ന ബോസ്സോന്‍ഡൈക്കസ് (Bos sondaicus) എന്ന മൃഗത്തിന്റെ കൊമ്പ് ഇരുവശങ്ങളിലേക്ക് കൂടുതല്‍ തള്ളിനില്‍ക്കുന്നവയാണ്.

വിവധയിനം കന്നുകാലികളുടെ കൊമ്പുകള്‍

അസം, മധ്യപ്രദേശ്, ഗോദാവരി എന്നിവിടങ്ങളിലെ ചതുപ്പുവനങ്ങളില്‍ കണ്ടുവരുന്ന ഒരു മൃഗമാണ് ബോസ് ബുബാലീസ് (Bos bubalis) എന്നറിയപ്പെടുന്ന കാട്ടുപോത്ത്. ഇതിന്റെ കൊമ്പ് കൂടുതല്‍ പരന്നതും ദൈര്‍ഘ്യമുള്ളതും ആണ്. എന്നുതന്നെയുമല്ല, അതിന്റെ പരിഛേദത്തിന് (section) ത്രികോണാകൃതിയുമാണുള്ളത്.

അസമിലെയും ചിറ്റഗോങ്ങിലെയും വനങ്ങളില്‍ കണ്ടുവരുന്ന ഗയല്‍ എന്നു വിളിക്കപ്പെടുന്ന ബോസ് ഫ്രോണ്ടാലിസി(Bos frontalis)ന്റെ കൊമ്പുകള്‍ ബലിഷ്ഠവും ചെറുതും ആണ്. തിബറ്റില്‍ കാണപ്പെടുന്ന ബോസ് ഗ്രണ്ണന്‍സിസ് (Bos grunnensis) എന്ന യാക്കിന്റെ കൊമ്പുകള്‍ ചോദ്യചിഹ്നം പോലെ വളഞ്ഞിരിക്കുന്നു. ഇതിന്റെ കൊമ്പിന്റെ അടിഭാഗം വീതി കൂടിയതും അഗ്രഭാഗം കൂര്‍ത്തതുമാണ്.

കാണ്ടാമൃഗത്തിന്റെ കൊമ്പ്. റൈനോസെറോട്ടിഡേ (Rhinocerotidae) കുടുംബത്തില്‍പ്പെട്ട കാണ്ടാമൃഗങ്ങള്‍ മുന്‍കാലിലും പിന്‍കാലിലും മൂന്നു കുളമ്പുകളോടുകൂടിയ സസ്തനികളാണ്. മുഖ്യമായി അഞ്ച് ജാതി കാണ്ടാമൃഗങ്ങളാണ് ഇന്ന് ജീവിച്ചിരിപ്പുള്ളത്; മൂന്ന് ജാതി ഏഷ്യാറ്റിക് കാണ്ടാമൃഗങ്ങളും ഇരട്ടക്കൊമ്പന്‍ കാണ്ടാമൃഗങ്ങളും ഉണ്ട്. കാണ്ടാമൃഗത്തിന്റെ കൊമ്പ് അനേകം രോമങ്ങള്‍ ഒട്ടിച്ചേര്‍ന്നുണ്ടായിട്ടുള്ള ഒരു ശരീരഘടനയാണ്. മൂക്കിനു മുകളിലായി ഒരു കുറ്റിപോലെ തള്ളിനില്‍ക്കുന്ന ഇതിന്റെ കൊമ്പിന് കപാലാസ്ഥികളുമായി ദൃഢമായ യാതൊരു ബന്ധവുമില്ല.

കാണ്ടാമൃഗം
ബാബിറുസ

അസമിലും നേപ്പാളിലും കണ്ടുവരുന്ന റൈനോസെറോസ് യൂണികോര്‍ണിസ് (Rhinoceros unicornis) എന്ന ഇന്ത്യന്‍ കാണ്ടാമൃഗത്തിന് ഒരൊറ്റ കൊമ്പേയുള്ളൂ. ആണിനും പെണ്ണിനും കൊമ്പുണ്ട്. അതേസമയം ജാവയില്‍ കാണപ്പെടുന്ന കാണ്ടാമൃഗത്തിന്റെ ആണിനു മാത്രമേ ഒരു കൊമ്പു കാണുന്നുള്ളൂ. സുമാട്രയില്‍ കാണപ്പെടുന്ന റൈനോസെറോസ് സുമാട്രെന്‍സിസ് (Rhinoceros sumatrensis) എന്ന കാണ്ടാമൃഗത്തിന് രണ്ടു കൊമ്പുകളുണ്ട്. മുന്‍ ഭാഗത്തുള്ള കൊമ്പിന് 30 സെന്റിമീറ്ററോളം വലുപ്പംവരും; പിന്‍ഭാഗത്തെ കൊമ്പിന് ഏതാണ്ട് 15 സെ.മീ നീളമേയുള്ളു. ഇന്ത്യന്‍ കാണ്ടാമൃഗത്തിനാണ് ഏറ്റവുമധികം നീളമുള്ള കൊമ്പുള്ളത്. ഇതിന് ഉദ്ദേശം 60 സെന്റിമീറ്ററോളം നീളം വരും.

കാട്ടുപന്നിയുടെ കൊമ്പ്. സുയിഡേ (Suidae) കുടുംബത്തില്‍പ്പെട്ട കാട്ടുപന്നികളുടെ കൊമ്പ് മാരകമായ ഒരു ആയുധമാണ്. ഇവയുടെ കോമ്പല്ലുകളാണ് (canines) കൊമ്പുകളായി രൂപാന്തരപ്പെട്ടിരിക്കുന്നത്. ബംഗാളിലും ദക്ഷിണേന്ത്യയിലും ഇത്തരം കൊമ്പുകളോടുകൂടിയ കാട്ടുപന്നികളുണ്ട്. പോര്‍ക്കുലാ സാല്‍വേനിയ (Porcula salvenia) എന്ന പേരില്‍ അറിയപ്പെടുന്ന കാട്ടുപന്നി വയനാടന്‍ വനങ്ങളില്‍ കാണപ്പെടുന്നു. സെലിബസ്സില്‍ കണ്ടുവരുന്ന ബാബിറുസ ബാബിറുസ (Babirussa babirussa) എന്ന ആണ്‍ കാട്ടുപന്നിയുടെ മേല്‍ത്താടിയിലെയും കീഴ്ത്താടിയിലെയും രണ്ടുജോടി കോമ്പല്ലുകളും വില്ലുപോലെ വളഞ്ഞ് കൊമ്പുകളായി രൂപാന്തരപ്പെട്ടതാണ്. മേല്‍ത്താടിയിലെ കൊമ്പന്‍പല്ലുകള്‍ മുഖചര്‍മത്തെ തുളച്ചുകയറി പിന്നിലേക്കു വളഞ്ഞിരിക്കുന്ന കൊമ്പുകളായിത്തീര്‍ന്നിരിക്കുന്നു.

ആനയുടെ കൊമ്പ്. പ്രൊബോസിഡിയ (Proboscidea) എന്ന ഗ്രോത്രത്തില്‍പ്പെട്ട മൃഗങ്ങളാണ് ആനകള്‍. ഇവയുടെ തുമ്പിക്കൈയും (proboscis) കൊമ്പുകളും (tusks) സവിശേഷശ്രദ്ധ പിടിച്ചുപറ്റുന്ന അവയവങ്ങളാണ്.

കാട്ടുപന്നികളുടെ കൊമ്പുകള്‍ കോമ്പല്ലുകളില്‍ നിന്നു രൂപം കൊള്ളുമ്പോള്‍, ആനകളുടെ കൊമ്പുകള്‍ അവയുടെ മേല്‍ത്താടിയിലുള്ള രണ്ടു ഉളിപ്പല്ലുകളില്‍ (incisors) നിന്നാണ് രൂപംകൊള്ളുന്നത്. ആനകളുടെ കീഴ്ത്താടിയില്‍ ഉളിപ്പല്ലുകളില്ല. ഇവയ്ക്ക് ഒരു ജോടി ഉളിപ്പല്ലുകള്‍ മാത്രമേയുള്ളൂ; കോമ്പല്ലുകളേയില്ല.

1.ആഫ്രിക്കന്‍ ആന 2.ഏഷ്യന്‍ ആന 3.ലോക്സോഡോന്റാ ആഫ്രിക്കാനാ

ആനകളുടെ പൂര്‍വികജാതിയും വംശനാശം സംഭവിച്ചതുമായ ഹെയര്‍ മാമത്തുകള്‍ക്ക് (Elephan primogenius) പടുകൂറ്റന്‍ കൊമ്പുകളുണ്ടായിരുന്നു. എന്നു തന്നെയുമല്ല, മാസ്റ്റോഡോന്‍ (Mastodon) എന്ന മാമത്തിന് കീഴ്ത്താടിയിലും ഒരു ജോടി ഉളിപ്പല്ലുകളുണ്ടായിരുന്നു.

ഇന്ന് ജീവിച്ചിരിക്കുന്ന ആനകളെ മുഖ്യമായി മൂന്നു ജാതികളില്‍പ്പെടുത്താം: എലിഫാസ് മാക്സിമസ് (Elephas maximus) എന്നറിയപ്പെടുന്ന ഇന്ത്യന്‍ ആന; ലോക്സോഡോന്റാ ആഫ്രിക്കാനാ (Loxodonta Africana), ലോക്സോഡോന്റാ സൈക്ളോടിസ് (Loxodonta cyclotis) എന്നിങ്ങനെ അറിയപ്പെടുന്ന ആഫ്രിക്കന്‍ ആനകള്‍. ഇന്ത്യന്‍ ആനയുടെ ആണിനു മാത്രമേ നീണ്ടുവളരുന്ന കൊമ്പുകള്‍ കാണപ്പെടുന്നുള്ളൂ. പെണ്ണാനകളുടെ ഉളിപ്പല്ലുകള്‍ കൊമ്പുകളെന്ന രൂപത്തില്‍ ചുണ്ടിനു പുറത്തേക്കു തള്ളിവരുന്നില്ല. അതേസമയം ആഫ്രിക്കന്‍ ആനകളെ സംബന്ധിച്ചിടത്തോളം ആണിനും പെണ്ണിനും ഒന്നുപോലെ കൊമ്പുകളുണ്ടെന്നു കാണാം.

ഇന്ത്യന്‍ ആനകളുടെ തേറ്റയുടെ വലുപ്പത്തില്‍ പ്രകടമായ ഏറ്റക്കുറവുകളുണ്ട്. ഉത്തരേന്ത്യന്‍ ഭാഗങ്ങളില്‍ കാണപ്പെടുന്ന ആനകളുടെ കൊമ്പിന് പരമാവധി 152 സെ.മീ. നീളവും 23 കിലോഗ്രാം തൂക്കവും വരും. അതേ സമയം ദക്ഷിണേന്ത്യന്‍ ഭാഗങ്ങളില്‍ കാണപ്പെടുന്നവയുടെ കൊമ്പിന്റെ പരമാവധി നീളം 215 സെന്റിമീറ്ററും തൂക്കം 41 കിലോഗ്രാമും ആണ്. ബര്‍മയില്‍ കാണപ്പെടുന്ന ആനയുടെ കൊമ്പിന്റെ പരമാവധി നീളം 127 സെന്റിമീറ്ററും തൂക്കം 23 കിലോഗ്രാമും ആണ്.

ശ്രീലങ്കയില്‍ കാണപ്പെടുന്ന ഒരു പ്രത്യേകയിനം ആനയുടെ ആണിന് തേറ്റ കാണാറില്ല. ഒരുപക്ഷേ സ്വദേശിയായ ഒരിനമായിരിക്കാമിത്. ആനകൊമ്പുകള്‍ ഏറ്റവും സാമ്പത്തിക പ്രാധാന്യമുള്ള ഒരു ജൈവവിഭവം കൂടിയാണ്. മൃഗക്കൊമ്പുകള്‍ക്ക് മൊത്തത്തില്‍ വളരെയേറെ വ്യാവസായികവും സാമ്പത്തികവുമായ പ്രാധാന്യമുണ്ട്.

(പ്രൊഫ. എം. സ്റ്റീഫന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍